ലജ്ജ / lajja
ലജ്ജ
----------
മധുശങ്കർ
ഞാനൊരു സെൽഫിയിലെ
മുഖം മിനുക്കലിൽ
കൂട്ടുകാരന്റെ നിറമാണോ മണമാണോ
മായ്ച്ചുകളയേണ്ടതെന്ന
ഒറ്റച്ചോദ്യത്തിൽ തൂങ്ങി
മരിക്കാനൊരുങ്ങുമ്പോൾ
അവൻ പടികടന്നുവന്ന്
എന്നോട് പറഞ്ഞു...
ഒന്നുകൂടി ചേർന്നു നിൽക്കൂ!
അവന്റെ കൈയ്ക്ക് പണ്ടത്തേക്കാൾ
നീളം വെച്ചിട്ടുണ്ടായിരുന്നു...
ഇത്തവണ അവനെന്റെ
പശ്ചാത്തലം കൂടി ഒപ്പിയെടുക്കുമല്ലോ
എന്ന ആശങ്കയിൽ
ഞാനെന്റെ മലളെയും പുഴകളെയും
തുപ്പൽകൂട്ടി മായ്ച്ചുകളഞ്ഞു!
മലഞ്ചെരിവുകളുടെ മടിയിലിരുന്ന്
ഒരസ്തമയസൂര്യനേയോ
പുഴകളുടെ ആഴങ്ങളിൽ മുങ്ങി
ചിറകില്ലാത്ത മീനുകളെയോ
അവൻ കാണരുത്!
മരുഭൂമിയുടെ വരണ്ട കാറ്റിൽ
അവനെന്റെ മരങ്ങളെ കടുംവെട്ടുവെട്ടി
ഒളിച്ചു കടക്കാൻ ഒരു പായ്ക്കപ്പലോ
മീനുകളെ വലവീശി വറ്റിച്ച്
ഒരു കവിതയോ നിർമ്മിച്ചേക്കും!
ഒരു പായ്ക്കപ്പലുണ്ടാക്കും പോലെയാണ്
അവൻ കവിതയെഴുതുന്നതെന്ന്
അവന്റെ കാമുകി കളിയാക്കിയിരുന്നു...
അവളെന്റെ ഭാര്യയായിവന്ന ആദ്യരാത്രി
അവനെഴുതിയ കവിതകൾ വായിച്ച്
ആർത്തുചിരിച്ചത് കൂടുതലും
അവളായിരുന്നു!
നീയെന്താണ് അവനെ കെട്ടാതിരുന്നത്?
മധുവിധുകാലം കഴിഞ്ഞതും
ഞാനവളോട് ചോദിച്ചു...
അവന്റെ കുറിയ കൈകൾക്ക്
തൊട്ടാവാടിയുടെ ലജ്ജയും
നങ്കൂരത്തിന്റെ തണുപ്പുമാണ്...
അവൾ പറഞ്ഞു!
സെൽഫിയെടുക്കുമ്പോൾ
ഞാനവന്റെ കൈയിലേക്ക്
സൂക്ഷിച്ചുനോക്കി...
ഒട്ടകത്തിന്റെ കഴുത്തുപോലെ
അത് നീണ്ടിരുന്നു!
Comments
Post a Comment