മുടി രണ്ടായ് പകുത്തിടാൻ വേണ്ടി വരുന്ന സമയം / mudi randai pakuthidan vendivarunna samayam
മുടി രണ്ടായ് പകുത്തിടാൻ
വേണ്ടിവരുന്ന സമയം
---------------------------------------
മധുശങ്കർ
ഒരു കപ്പൽ മുങ്ങാനെടുക്കുന്ന
സമയം കൊണ്ട്
ഞാനവൾക്കൊരുടമ്പടിപത്രം
ഒപ്പിട്ടുനൽകും...
ഞാനാരെന്നും എന്തെന്നുമെഴുതാതെ
അതിലെന്റെ കരിപിടിച്ച
ചുണ്ടൊപ്പുണ്ടാകും!
നിന്റെ ചുംബനങ്ങൾക്ക്
പഴയതുപോലെ ചൂടില്ലല്ലോയെന്ന
അവളുടെ ചോദ്യത്തിന്
ശരിയുത്തരം തിരഞ്ഞുപോയ എന്നെ
ഏത് ഭ്രാന്താശുപത്രിയിൽ
നിന്നാണവൾ വീണ്ടെടുക്കുക...?
ഒരു കപ്പൽ മുങ്ങാനെടുക്കുന്ന സമയത്തെ നിങ്ങളൊരിക്കലും കുറച്ചുകാണരുത്...
ആ സമയത്തിനിടയിലാണ്
വൻകരകൾ തമ്മില്‍ സന്ധിയില്ലാത്ത
ഒരു യുദ്ധമുണ്ടായത്...
ആ സമയത്തിനിടയിലാണ്
ഈ ഭൂമിയിൽ ഒരായിരം കുഞ്ഞുങ്ങൾ
അനാഥരായത്...
ആ സമയത്തിനിടയിലാണ്
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ
ഒലിവിലയിൽ പ്രേയസിക്ക്
അവസാന പ്രേമലേഖനം
എഴുതിയത്!
ഭ്രാന്താശുപത്രിയിൽ നിന്ന് തിരിച്ചുവന്ന
എന്നോടവൾ ചോദിച്ചത്
നൂൽബന്ധമില്ലാതെ നടക്കുന്നതിലെ
ചാരുതയെക്കുറിച്ചാണ്...
പാവാടയ്ക്കുമീതെ സാരി ചുറ്റിച്ചുറ്റി
നഗ്നതയെന്തെന്നവൾ
മറന്നുപോയിരുന്നു...
ഉടുവസ്ത്രമില്ലാത്തതാണ്
മുങ്ങിമരിക്കുമ്പോൾ നല്ലത്,
ഞാൻ പറഞ്ഞു!
നീ മുങ്ങുന്ന കപ്പലിനെ നോക്കുക...
ഒരു വിവാഹവസ്ത്രമുണ്ടായിരുന്നെങ്കിൽ
അതെന്തു പാടുപെട്ടേനെ
അടിത്തട്ടിലെത്താൻ!
അവളുടെ മറുപടിയാണെന്നെ
അത്ഭുതപ്പെടുത്തിയത്...
ആ സമയം കൊണ്ട് ഞാനെന്റെ മുടി
രണ്ടായ് പകുത്തിട്ടേനെ...
ആദ്യമായി സ്കൂളിൽ പോകുന്ന
കുട്ടികളങ്ങനെയാണ്!
അവളുടെ ചിരിക്ക് ഉപ്പുകാറ്റിന്റെ
കാഠിന്യമുണ്ടായിരുന്നു!
Comments
Post a Comment