തലക്കെട്ട് ------------------ മധുശങ്കർ ഈ പാടവരമ്പിൽ കുന്തിച്ചിരുന്ന് എന്തു ചെയ്യുകയാണ്? വരണ്ട കർട്ടനു പുറകിൽ നീണ്ട തലക്കെട്ട് തുന്നുകയാണ്! സൂചിയും നൂലും ഇണചേരുന്നത് ഏത് പട്ടുറുമാലിനാണ്? കോരാനാകാത്ത ആഴത്തിൽ ഒരു പൊട്ടക്കിണർ കുഴിക്കുകയാണ്! തവളകളുടെ മുദ്രാവാക്യം വിളി എത്ര തൊഴിലുറപ്പു കൂലിക്കാണ്? ഒഴിഞ്ഞ കലം വരണ്ട ഒച്ചകൊണ്ട് അരവയർ നിറയ്ക്കുകയാണ്! മരക്കൊമ്പിൽ മറന്നുവെച്ച തൂക്കുകയർ ആരുടെ ഒപ്പടയാളമാണ്? തൂക്കണാം കുരുവികൾ പഴകിയ കൂടൊന്ന് മാറ്റിപ്പിടിച്ചതാണ്! തലക്കെട്ടില്ലാതെ ഒരിക്കലും മരിക്കാൻ സമ്മതിക്കുകേലെന്നാണോ? തലയ്ക്കല്ലല്ലോ, പെരുവിരൽ ചേർത്തല്ലേ കൂട്ടിക്കെട്ട്!
ലജ്ജ ---------- മധുശങ്കർ ഞാനൊരു സെൽഫിയിലെ മുഖം മിനുക്കലിൽ കൂട്ടുകാരന്റെ നിറമാണോ മണമാണോ മായ്ച്ചുകളയേണ്ടതെന്ന ഒറ്റച്ചോദ്യത്തിൽ തൂങ്ങി മരിക്കാനൊരുങ്ങുമ്പോൾ അവൻ പടികടന്നുവന്ന് എന്നോട് പറഞ്ഞു... ഒന്നുകൂടി ചേർന്നു നിൽക്കൂ! അവന്റെ കൈയ്ക്ക് പണ്ടത്തേക്കാൾ നീളം വെച്ചിട്ടുണ്ടായിരുന്നു... ഇത്തവണ അവനെന്റെ പശ്ചാത്തലം കൂടി ഒപ്പിയെടുക്കുമല്ലോ എന്ന ആശങ്കയിൽ ഞാനെന്റെ മലളെയും പുഴകളെയും തുപ്പൽകൂട്ടി മായ്ച്ചുകളഞ്ഞു! മലഞ്ചെരിവുകളുടെ മടിയിലിരുന്ന് ഒരസ്തമയസൂര്യനേയോ പുഴകളുടെ ആഴങ്ങളിൽ മുങ്ങി ചിറകില്ലാത്ത മീനുകളെയോ അവൻ കാണരുത്! മരുഭൂമിയുടെ വരണ്ട കാറ്റിൽ അവനെന്റെ മരങ്ങളെ കടുംവെട്ടുവെട്ടി ഒളിച്ചു കടക്കാൻ ഒരു പായ്ക്കപ്പലോ മീനുകളെ വലവീശി വറ്റിച്ച് ഒരു കവിതയോ നിർമ്മിച്ചേക്കും! ഒരു പായ്ക്കപ്പലുണ്ടാക്കും പോലെയാണ് അവൻ കവിതയെഴുതുന്നതെന്ന് അവന്റെ കാമുകി കളിയാക്കിയിരുന്നു... അവളെന്റെ ഭാര്യയായിവന്ന ആദ്യരാത്രി അവനെഴുതിയ കവിതകൾ വായിച്ച് ആർത്തുചിരിച്ചത് കൂടുതലും അവളായിരുന്നു! നീയെന്താണ് അവനെ കെട്ടാതിരുന്നത്? മധുവിധുകാലം കഴിഞ്ഞതും ഞാനവളോട് ചോദിച്ചു... ...
വികൃതി --------------------- മധുശങ്കർ ഗ്രാമഫോണിൽ സുരയ്യ പാടുമ്പോള്‍ സൂചികള്‍ തേഞ്ഞുതീരുകയേയില്ല... കോളാമ്പിപ്പാട്ടുകാരൻ വലിച്ചെറിയുന്ന ആ സൂചി കൊണ്ട് ഒരു തുമ്പിയുടെ ഉദരത്തിൽ കുട്ടികൾ ചിത്രം വരയ്ക്കുമ്പോഴാണ് ഒരൊറ്റക്കമ്പി നാദമായി അതസ്തമിച്ചു പോകുന്നത്!
Comments
Post a Comment