തലക്കെട്ട് ------------------ മധുശങ്കർ ഈ പാടവരമ്പിൽ കുന്തിച്ചിരുന്ന് എന്തു ചെയ്യുകയാണ്? വരണ്ട കർട്ടനു പുറകിൽ നീണ്ട തലക്കെട്ട് തുന്നുകയാണ്! സൂചിയും നൂലും ഇണചേരുന്നത് ഏത് പട്ടുറുമാലിനാണ്? കോരാനാകാത്ത ആഴത്തിൽ ഒരു പൊട്ടക്കിണർ കുഴിക്കുകയാണ്! തവളകളുടെ മുദ്രാവാക്യം വിളി എത്ര തൊഴിലുറപ്പു കൂലിക്കാണ്? ഒഴിഞ്ഞ കലം വരണ്ട ഒച്ചകൊണ്ട് അരവയർ നിറയ്ക്കുകയാണ്! മരക്കൊമ്പിൽ മറന്നുവെച്ച തൂക്കുകയർ ആരുടെ ഒപ്പടയാളമാണ്? തൂക്കണാം കുരുവികൾ പഴകിയ കൂടൊന്ന് മാറ്റിപ്പിടിച്ചതാണ്! തലക്കെട്ടില്ലാതെ ഒരിക്കലും മരിക്കാൻ സമ്മതിക്കുകേലെന്നാണോ? തലയ്ക്കല്ലല്ലോ, പെരുവിരൽ ചേർത്തല്ലേ കൂട്ടിക്കെട്ട്!
Comments
Post a Comment